Tuesday 22 October 2013

പൂവപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

താരകബ്രഹ്മമായ മഹേശ്വരപുത്രന്‍ ശ്രീ മുരുകന്‍ ബാല രൂപത്തില്‍  പ്രതിഷ്ഠിതനായ ക്ഷേത്രം.വിഷഘ്നയെന്നു കൂടി പരാമര്‍ശിക്കപ്പെടുന്ന മണിമലയാറിന്റെ തീരത്ത് ഭഗവാന്‍ വാണരുളുന്നു.ഭഗവാനെ നമിച്ചുകൊണ്ട് നദി വഴിമാറി യൊ ഴുകുന്നു.പ്രകൃതിരമണീയതയുടെയും ശില്‍പചാരുതുരിയുടെയും മകുടോദാഹരണമാണ് ഈ ക്ഷേത്രസങ്കേതം. കിഴക്ക്   ചെറുവള്ളി  ദേശത്തിന് സമീപമുണ്ടായിരുന്ന ബാലമുരുക ക്ഷേത്രം വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോന്നുവെന്നും പ്രവാഹമദ്ധ്യേ ക്ഷേത്രബിംബ ചൈതന്യം ഒരു പൂവത്തടിയില്‍ സ്വയം പ്രേരണയാല്‍ കുടിയേറിയെന്നും പ്രസ്തുത തടി ഇന്ന് ക്ഷേത്രം നില്‍ക്കുന്നിടത്ത് അടിഞ്ഞു എന്നും ഐതിഹ്യം.കരയ്ക്കടിഞ്ഞ തടി ഗൃഹാവശ്യങ്ങള്‍ക്കായി വെട്ടിക്കീറാന്‍ ശ്രമിക്കവേ അസാധാര​​ണ സംഭവങ്ങള്‍ ഉണ്ടാവുകയും കരനാഥന്‍മാര്‍ ജ്യോതിഷത്തിന്റെ  ഈറ്റില്ലമായ പാഴൂര്‍പടിപ്പുരയില്‍ എത്തി വസ്തുതകള്‍ വിശകലന വിധേയമാക്കുകയും തുടര്‍ന്നുളള നിര്‍ദ്ദേശപ്രകാരം പ്രസ്തുത സ്ഥാനത്തുതന്നെ ക്ഷേത്രം നിര്‍മ്മിക്കുകയും ദേവനെ പ്രതിഷ്ഠിക്കുകയും ചെയ്തു. പുഴയില്‍ നിന്നും പൂവത്തടിയിലേറി വന്ന ദേവ ചൈതന്യം കുടിയിരുന്ന സഥലം പൂവപ്പുഴ എന്ന പേരില്‍ അറിയപ്പെട്ടു
പിന്നീട് ഇരവിപേരൂര്‍ പത്തില്ലങ്ങളില്‍ ഉള്‍പ്പെട്ട കൊന്നോലി ല്‍,തെഞ്ചേരില്‍,ഇളയിടത്ത് എന്നീ ഇല്ലങ്ങളുടെ ഭരണത്തിന്‍ കീഴിലായ ക്ഷേത്രം കൂടുതല്‍ ബലവത്തായ രീതിയില്‍ പുതുക്കി പണിയപ്പെട്ടു.‌‌ചുവരുകള്‍ ദാരുശില്‍പ്പങ്ങളാല്‍ കമനീയമാക്കി, ചെമ്പ് പാകിയ മേല്‍ക്കൂരയോടെയാണ്   പുനര്‍നിര്‍മ്മിക്കപ്പെ‌ട്ടത്  .ആറ്റുതിട്ടയില്‍ കിഴക്കും വടക്കും നീളമുള്ള പാളിക്കല്ലുകള്‍ അ‌ടുക്കി വെളളപ്പൊക്കത്തില്‍ നിന്നും എക്കാലവും സംരക്ഷണം ലഭിക്ക ത്തക്ക രീതിയിലാണ് ക്ഷേത്രനിര്‍മ്മാണം.വടക്കു ഭാഗത്തായി പാളി ക്കല്ലുകള്‍ പടവുകളായി ക്ഷേത്രക്കടവും തൊട്ടുപടിഞ്ഞാറായി ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ക്ക്  സഹായകരമായി മറ്റൊരു കടവും നിര്‍മ്മിക്കപ്പെട്ടു.
ഇരവിപേരൂര്‍ ജംഗ്ഷനില്‍ നിന്നും 2 കി.മീ വടക്കുപടിഞ്ഞാറായി മണിമലയാറിന്റെ തീരത്താണ് പൂവപ്പുഴ ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രം.1962-മുതല്‍ ഇരവിപേരൂര്‍ ദേവീവിലാസം ഹൈന്ദവ സേവാസംഘം (Reg No.25)-നാണ് ക്ഷേത്രത്തിന്റെ ഭരണ ചുമതല. ഇരവിപേരൂര്‍ വടക്ക്, കിഴക്ക്, തെക്ക് ഭാഗങ്ങളിലെ ഹൈന്ദവരുടെ സംഘടനയാണ് DVHSS. വര്‍ഷം തോറും തെരഞ്ഞടുക്കപ്പെടുന്ന ഭരണസമിതിയ്ക്കാണ് ഭരണചുമതല.
ദേവതാ സങ്കല്‍പ്പം

ക്ഷേത്രത്തില്‍ പ്രധാന ദേവനായ ബാലസുബ്രഹ്മണ്യസ്വാമിയെ കൂടാതെ ശ്രീകോവിലിന് തെക്കുകിഴക്കു മൂലയില്‍ ഗണപതി, ശിവന്‍ എന്നിവരെ ഉപദേവന്‍മാരായും വടക്കുഭാഗത്തായി ഭുവനേശ്വരിദേവിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. ക്ഷേത്രപ്രാകാരത്തിന് പുറത്തായി ശ്രീനാഗയക്ഷിയെയും രക്ഷസിനെയും കുടിയിരുത്തിയിട്ടുണ്ട്.

വിശേഷ ആചരണങ്ങള്‍
  എല്ലാ മാസങ്ങളിലെയും ഷഷ്ഠി, പ്രതിഷ്ഠാ കലശ ദിനമായ വ്യശ്ചികഷഷ്ഠി, തൈപ്പൂയമഹോത്സവം എന്നിവ ആട്ടവിശേഷങ്ങളാണ്. കൂടാതെ രാമായണമാസാചരണം, തൈപ്പൂയത്തോടനുബന്ധിച്ച് ശ്രീമദ് ഭാഗവതസപ്താഹ പാരായണം,മണ്ഡലം ചിറപ്പ് ഉത്സവം എന്നിവയും നടന്നു വരുന്നു. പിതൃപ്രീതിക്കായി കര്‍ക്കിടവാവ് ദിനത്തില്‍ കടവില്‍ നടക്കുന്ന ബലിതര്‍പ്പണത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്നു.
തൃക്കവിയൂരപ്പന്റെ ഉത്സവത്തില്‍ ആറാം പുറപ്പാട് ഇരവിപേരൂരില്‍ എത്തുമ്പോള്‍ പൂവപ്പുഴ ക്ഷേത്രത്തില്‍ ഇറങ്ങിയെഴുന്നള്ളുന്ന ദേവന്‍ അന്നേ ദിവസത്തെ അത്താഴപൂജ ഇവിടെ നിന്നും കൈക്കൊള്ളുന്നു. 

തന്ത്രി- 


തിരുവല്ല തുകലശേരി പറമ്പൂര്‍ ഭട്ടതിരിമാര്‍ക്കാണ് ഇവിടെ താന്ത്രിക ചുമതല. ബ്രഹ്മശ്രീ

 പത്മനാഭന്‍ ഭട്ടതിരിപ്പാടാണ് ഇപ്പോള്‍ ക്ഷേത്രം തന്ത്രി