ശ്രീകോവിലിലെ ദാരുശില്പങ്ങള്‍


ദ്വാരപാലകന്മാര്‍
ക്ഷേത്രസോപാനത്തിന്റെ ഇരുവശങ്ങളിലായി പ്രതിഷ്ഠിച്ചിരിക്കുന്ന രണ്ട് ദ്വാരപാലകന്മാരുടെ രൂപങ്ങള്‍ ആരെയും ആകര്‍ഷിക്കുക തന്നെ  ചെയ്യും. കല്ലിലും തടിയിലുമുള്ള ദ്വാരപാലകന്മാരെ കേരള ത്തിലെ ആയിരക്കണക്കിനുള്ള ക്ഷേത്രങ്ങളില്‍ കാണാമെങ്കിലും ഇത്രയും കലാസൗന്ദര്യ സംമ്പൂര്‍ണ്ണമായ ദ്വാരപാലക ശില്പങ്ങള്‍ വേറെ ഇല്ലെന്നു തന്നെ പറയാം. ഒരിഞ്ചു സ്ഥലം പോലും പാഴാക്കി ക്കളയാതെ കൊത്തുപണികള്‍കൊണ്ടു നിറച്ചിരിക്കുന്ന ഈ  ശില്പ ങ്ങള്‍  മൗണ്ട് ആബുവിലെ തേജ്പാല്‍ ക്ഷേത്ര ശില്പങ്ങളെയാണ് നമ്മെ അനുസ്മരിപ്പിക്കുന്നത്. തഞ്ചാവൂര്‍ ബ്യഹദീശ്വര ക്ഷേത്രത്തിലെ ദ്വാരപാലകനായ "സുമുഖ"നും ഇത്രയും മനോഹരമായിട്ടില്ല.      ബീഭ ത്സ രൂപങ്ങള്‍ക്കുപോലും സൗന്ദര്യലോകത്തിലേക്കും, അവാച്യ മായ ആനന്ദ ഭൂതിയിലേക്കും പ്രേക്ഷകരെ നയിക്കാന്‍ കഴിവുണ്ടെ ന്നുള്ള കലാതത്വത്തിന് ഈ ശില്പങ്ങള്‍ മകടോദഹരണങ്ങളാണ്.
 
ലിംഗോത്ഭവമൂര്‍ത്തിശില്പം
ഗര്‍ഭഗൃഹത്തിന്റെ കിഴക്കേനടയ്ക്കു തെക്കുവശത്തായി സ്ഥിതിചെയ്യുന്ന ഒരു ഫലകത്തില്‍ "കേവല ചന്ദ്രശേഖരമൂര്‍ത്തി" രൂപത്തിലുള്ള ഒരു "ലിംഗോത്ഭവ" വിഗ്രഹം നമ്മെ ഹഠാദാകര്‍ഷിക്കുന്നു. ശൂചീന്ദ്രം ക്ഷേത്രത്തിലുള്ള രണ്ട് ശിലാവിഗ്രഹങ്ങളും പൂവപ്പുഴ ദാരവശില്പവുമാണ് ഇതേവരെയായി കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ലിംഗോത്ഭ വിഗ്രഹം. ചോള രാജാക്കന്മാരുടെ കാലത്തു നിര്‍മ്മിക്കപ്പെട്ടിട്ടുള്ള പല ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളിലും ശിവന്റെ ഈ വിഗ്രഹം ഇതിന്റെ അനന്തര ഗാമി യായ 'ഏകപാദമൂര്‍ത്ത' രൂപവും കാണാറുണ്ട്. തഞ്ചാവൂര്‍, അംബര്‍ 
മംഗലം, ഗംഗൈകൊണ്ട് ശോളപുരം , എല്ലോറ ഗുഹകള്‍, മധുര മുതലായവ സ്ഥലങ്ങളിലുള്ള ക്ഷേത്രങ്ങളിലും ഇവ കാണാന്‍ കഴിയും. ലിംഗോത്ഭവ മൂര്‍ത്തിയെ ദാരുവ ശില്പത്തിലൂ‌‌ടെ സചേതനമാക്കി തീര്‍ത്തിട്ടുള്ള ക്ഷേത്രം ഇതല്ലാതെ വേറൊരിടത്തും ഉണ്ടെന്നു തോന്നുന്നില്ല. ലിഗോത്ഭവ മൂര്‍ത്തിയുടെ ആവിര്‍ഭാ വ ത്തെപ്പറ്റി ലിംഗപുരാണം, വായുപുരാണം മുതലായവയില്‍ സവിസ്ഥ രം  പ്രതിപാദിച്ചിട്ടുണ്ട്. ഒരു കല്‍പാന്തത്തില്‍ വിഷ്ണുഭഗവാന്‍ വിശ്ര മിക്കവെ അദ്ദേഹത്തിന് അപരിചിതമായ ഒരു രൂപം അവിടെ പ്രത്യ ക്ഷപ്പെട്ടു. പ്രപഞ്ച സ്യഷ്ടാവായ ബ്രഹ്മാവ് ആയിരുന്നു അത്. മഹാ പ്രളയത്തില്‍ ലയിച്ചുപോയ സര്‍വ്വ ചരാചരങ്ങളുടെയും പുനര്‍ സൃഷ്ടി ക്ക് താനാണ് ബാധ്യതപ്പെട്ടതെന്ന്ബ്രഹ്മാവും അതല്ല തന്നിലാണ് മഹത്തായ ആ ക്യത്യ നിര്‍വ്വഹണത്തിന്റെ  ചുമതല സ്ഥിതി ചെയ്യു ന്നതെന്ന് ശ്രീ.നാരായണനും വാദിച്ചുതുടങ്ങി.അവരുടെ വാദ കോലാഹലങ്ങള്‍ അവസാനിക്കുന്ന മട്ടുകാണാതെയായി. പെട്ടന്ന് അവരെ ആശ്ചര്യപരിതരാക്കിയ ഒരു ദര്‍ശനം അവിടെ ഉണ്ടായി. ആദിയും അന്തവും ഇല്ലാത്തതും ജാജ്വല്യമാനവുമായ ലിംഗ രൂപ ത്തിലുള്ള ഒരു അഗ്നിസ്തംഭം അവരുടെ മുന്നില്‍ ആവിര്‍ഭവിച്ചു. പക്ഷെ ആ മഹാ അതിശയത്തെപ്പറ്റി അവര്‍ക്ക് കൂടുതല്‍ അറിവ് ഒന്നും ലഭിച്ചില്ല. അതിന്റെ ഉല്‍പത്തിയും മറ്റും മനസിലാക്കാനുള്ള ജിജ്ഞാസയോടുകൂടി ഒരു ഹംസ രൂപത്തില്‍ ബ്രഹ്മാവ് മുകളിലേക്ക് പറന്നു. വിഷ്ണുവാകട്ടെ വാരാഹ രൂപത്തില്‍ താഴോട്ടും പോയി. എത്രയോ ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സത്യാവസ്ഥ മന സിലാക്കാന്‍ കഴിയാതെ നിരാശഭരിതരായി തിരികെവന്ന ബ്രഹ്മാ വും വിഷ്ണുവും അഞ്ജലിബദ്ധരായി ആ സ്തംഭത്തിനോട് തങ്ങളുടെ സംശയ നിവാരണത്തിനായി അപേക്ഷിച്ചു. അപ്പോള്‍ ആ അഗ്നി സ്തഭത്തില്‍ മസുരാഹാരത്തിനുണ്ടായ ഒരു വിടവില്‍ കൂടെ സര്‍വാ വായവ സുന്ദരനായ ഇന്ദുശേഖരമൂര്‍ത്തി പ്രത്യക്ഷപ്പെട്ടു. സ്യഷ്ടി സ്ഥിതി സംഹാരകര്‍മ്മങ്ങള്‍ തന്നിലാണ് നിഷിപ്ത മായിരി ക്കുന്ന തെന്നും ബ്രഹ്മാവ് വിഷ്ണുക്കള്‍ക്ക് തന്നേക്കാളും താണസ്ഥാനം മാത്രമേ അവകാശപ്പെടാന്‍ ന്യായമുള്ളുവെന്നും അവര്‍ക്ക് ശിവന്‍ മനസിലാക്കികൊടുത്തു.
ശില്പശാസ്ത്ര സംബന്ധമായ "കാരണാഗമ"ത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള തുപോലെയും(ജാന്വന്തം തു നദൃശ്യകം) 'ഉത്തരകാമിഗാമ'കത്തില്‍ വിധിച്ചിട്ടുള്ളതും പോലയും (ജാന്വന്തഭാഗം ന ഇന്ദ്രി യ ഗോചരം ) തന്നെയാണ് പൂവപ്പുഴ ക്ഷേത്രത്തിലും ശിവനെ ചിത്രീകരിച്ചിരിക്കുന്നത്. ശുചീന്ദ്രം ശില്പത്തിലാകട്ടെ ശിവന്റെ പൂര്‍ണമായ രൂപവും പ്രത്യക്ഷ മാക്കിയിട്ടുണ്ട്. പൂവപ്പുഴശില്പത്തില്‍ ബ്രഹ്മാവിനെ ചതുര്‍മുഖനായി ചിത്രീ കരിച്ചിരിക്കുന്നത് അര്‍ത്ഥവത്താണ്. ബ്രഹ്മദേവന്‍ മുകളിലോട്ട് പറന്ന് സ്തംഭോപരിഭാഗത്തെപ്പറ്റി അന്വേഷണം ചെയ്തപ്പോള്‍ ശിവന്റെ ജഡാഭാരത്തില്‍ നിന്ന് താഴെ വീണ ഒരു കേതകീ പുഷ്പദളത്തെ കണ്ടുമുട്ടി . അഗ്നിസ്തംഭത്തിന്റെ ഉല്‍ഭവം താന്‍ കണ്ടു നമിച്ചുവെന്ന ഒരു വ്യാജ പ്രസ്താവന കേതകീ പുഷ്പത്തെ സാക്ഷിയാ ക്കി ബ്രഹ്മാവ് തട്ടിവിട്ടു. അതിന്റെ ശിക്ഷയായി ശിവന്‍ ബ്രഹ്മാവിന്റെ അഞ്ചുതലകളില്‍ ഒന്നിനെ വെട്ടികളഞ്ഞുവെന്നുള്ള സൂചനയും ഈ നാന്മുഖചിത്രീകരണത്തില്‍ അന്തര്‍ലീനമായിട്ടുണ്ട്. വടക്കു പടിഞ്ഞാ റേ  കോണില്‍ ബ്രഹ്മാവിനെയും, തെക്കു കിഴക്കെ മൂലയില്‍ വിഷ്ണുവിനെയും സംവിധാനം ചെയ്തിരിക്കുന്നതും ശില്പശാസ്ത്ര വിധി പ്രകാരമാണ്. എന്നാല്‍ ഹംസത്തിന്റെ വലിപ്പം ശിവന്റെ മുഖത്തിന് തുല്യമായിരിക്കണമെന്നും (ബിംബസ്യാനനമാനേന) വാരാഹം ശിവ ന്റെ മുഖത്തിന്റെ ഇരട്ടിയായിരിക്കണമെന്നും (ബിംബദ്വി മുഖമാനേന) എന്നുള്ള ഉത്തരകാമികാഗമ വിധികള്‍ നിരാകരികപ്പെട്ടിരിക്കുന്നു.
സമ ഭംഗ നില, അഭയവരദഹസ്തങ്ങള്‍,പരശു, കൃഷ്ണമൃഗം ഇവ വഹിക്കുന്ന തൃക്കൈകള്‍, മുക്തഹാരകേയൂരാദികള്‍, യജ്ഞോപ വീതം മുതലായവ ശിവരൂപത്തിന്റെ മനോഹാരിതയെ അത്യധികം വര്‍ദ്ധിപ്പിക്കുന്നു. പക്ഷേ ശിവന്റെ സ്ത്രീഭാവത്തെ ചിത്രീകരിക്കുന്ന ലംബപത്രത്തിന് പകരം വാമകര്‍ണ്ണത്തിലും രത്നകുണ്ഡലം തന്നെയാണ്കാണിച്ചിരിക്കുന്നത്. ജടാമകുടത്തിന്റെ ഇടതുഭാഗത്തോ വലതുഭാഗത്തോ ആയിരിക്കണം ചന്ദ്രക്കലയുടെ സ്ഥാനം എന്നുള്ള അംശുമത് ഭേദാഗമവിധിയും ഇവിടെ വിസ്മരിക്കപ്പെട്ടിട്ടുണ്ട്.പുറകിലുള്ള രണ്ടു കൈകളും ഭുജങ്ങള്‍ക്ക് മുകളില്‍പോകരുതെന്നും പരശുവും കൃഷ്ണമൃഗവും കര്‍ണ്ണ സൂത്രത്തിന് ഉപരിയായി ചിത്രീകരിക്കാന്‍ പാടി ല്ലെന്നുള്ള ഉത്തരകാമികാഗമ നിര്‍ദ്ദേശങ്ങളും ലംഘിക്കപ്പെട്ടിട്ടുണ്ട്, ഇങ്ങനെയൊക്കെയാണെങ്കിലും ഇന്‍ഡ്യയിലുള്ള ലിംഗോത്ഭവമൂര്‍ത്തിശില്പങ്ങളില്‍ അത്യുന്നതമായ ഒരു സ്ഥാനം ഈ ശില്പത്തിനുണ്ടെന്നുള്ളത് കേരളീയര്‍ ഓര്‍ത്തിരിക്കേണ്ടതാണ്.
കാര്‍ത്തികേയനും വിദ്യാരംഭഗണപതിയും ഉള്‍പ്പടെ മേല്‍ പറഞ്ഞ ശില്പത്തിന്റെ തെക്കുവശത്തായി കൊത്തിയിട്ടുള്ള പല രൂപങ്ങളില്‍ പ്രാധാന്യം അര്‍ഹിക്കുന്നത് താരകാരിയായ കാര്‍ത്തികേയനാണ്. സേനാനിയായി മയില്‍ വാഹനത്തില്‍ യാത്രചെയ്യുന്ന
സുബ്രമണ്യന്‍ ഉഗ്രപ്രതാവനാണെങ്കിലും ശാന്തവദനനായിരിക്കുന്നു. മയിലിന്റെ ഓരോ തൂവലും മണമ്പൂര്‍ ക്ഷേത്രത്തിലുള്ള കാര്‍ത്തികേയ ശില്പത്തിലെപ്പോലെ തന്നെ അതിസൂഷ്മതയോടെ പണിതെടുത്തിരിക്കുന്നു.
കയ്യില്‍ നാരായവും എഴുത്തോലയുമായി ഇവിടെ ചിത്രീകരിച്ചിരിക്കുന്ന ഗണപതിരൂപം സാധാരണയായി കാണാറുള്ളതല്ല. ഭക്തിയില്‍ ലയിച്ച് പീഠത്തിലിരുന്ന് പുഷ്പാര്‍ച്ചനചെയ്യുന്ന ഒരു ആരാധകനും ഇവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്.

 കൃഷ്ണലീലകള്‍

അഞ്ചുഫലകങ്ങളിലായി കൃഷ്ണലീലകള്‍ കാണിച്ചിരിക്കുന്നത് കവിയൂര്‍ ക്ഷേത്രത്തിലുള്ളവയോട്സാമ്യപ്പെടുത്തുമ്പോള്‍ പ്രശംസനീയമല്ലെങ്കിലും സജീവമായിരിക്കുന്നു.
കവിയൂരിലെ കാളിയമര്‍ദ്ദനത്തില്‍ കാണുന്ന ഉണ്ണിക്കൃഷ്ണന്റെ ലാവണ്യവും, ആനന്ദവും ഇവിടെ കാണുന്നില്ല.

ഭീമ-ഭഗദത്തയുദ്ധം
അടുത്ത ഏഴു ഫലകങ്ങളിലായി ചിത്രണം ചെയ്യപ്പെട്ടിട്ടുള്ള യുദ്ധരംഗങ്ങള്‍ മിക്കവാറും ഭീമ-ഭഗദത്തയുദ്ധം ആയിരിക്കാം എന്ന് താല്‍ക്കാലികമായി അനുമാനിക്കാം. മദോന്മത്തനായി ആദ്യരംഗത്തില്‍ കാണപ്പെടുന്ന കരിവരന്‍ രണ്ടാമത്തെ രംഗത്തില്‍ ഭീമന്റെ പിടിയിലകപ്പെട്ട് വിഷണ്ണനായി കാണപ്പെടുന്നു. ഭീമനും ഭഗദത്തനും തമ്മിലുള്ള ദ്വന്ദ്വയുദ്ധം, പരാജിതരായ ശത്രുവൃന്ദം മുതലായവ സംവിധാനനിപുണതയേയും അതിപ്രൗഢമായ ഭാവനാശക്തിയേയും പ്രസ്പഷ്ടമാക്കുന്നു.

മഹിഷാസുരമര്‍ദ്ദിനി
അര്‍ദ്ധനഗ്നയായും മന്ദാരപര്‍വ്വതത്തില്‍ ഉഗ്രതപസ്സുചെയ്യുന്ന സൗന്ദര്യമൂര്‍ത്തിയുമായ ദേവിയുടെ അടുക്കലേക്ക് മഹിഷാസുരന്റെ ദൂതന്‍ വന്ന് തന്റെ യജമാനന്റെ അഭിലാഷത്തെ അറിയിക്കുന്നത് ഒരു ഫലകത്തില്‍ കാണാം. വേറൊരു ഫലകത്തില്‍ ത്രിഭംഗനിലയില്‍ സിംഹത്തിന്റെ പുറത്ത് നിന്നു കൊണ്ട് മഹിഷാസുരനോട് അടരാടുന്ന കാര്‍ത്ത്യായനിയേയും കാണാം. കൈകളില്‍ ശംഖ്‌ ,ചക്രം, ഖേടകം, പാശം മുതലായവയെ വിന്യസിച്ചിരിക്കുന്നത് ശില്പരത്നത്തിലും മറ്റും വിവരിക്കുന്ന രീതിയിലല്ല .

 
സുന്ദരയക്ഷിണി
മന്ത്രമഹാര്‍ണ്ണവം, ഈശാനഗുരുദേവപദ്ധതി മുതലായ ഗ്രന്ഥങ്ങളില്‍ യക്ഷിണിരൂപങ്ങളെ
വിവിധ തരത്തില്‍ ചിത്രീകരിക്കുന്നതിനുള്ള ലക്ഷണങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൂവപ്പുഴയിലെ ശില്പം ശാസ്ത്രസമുച്ചയത്തിലുള്ളതും താഴെ ഉദ്ധരിച്ചിരിക്കുന്നതുമായ ധ്യാനശ്ളോകത്തെ അധികരിച്ചാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
ആദര്‍ശദണ്ഡാശ്രിത വാമദോഷ്ണാ
ചാന്യേനഫാലേതിലകംദധാനാം
സപൂഗവ്യക്ഷാശ്രിതദക്ഷപാദം
നമാമി യക്ഷീം വിരജാംബരാഢ്യാം 
ശ്രീപത്മനാഭക്ഷേത്രത്തിലെ യക്ഷിണിശിലാശില്പം, വൈക്കം ക്ഷേത്രത്തിലെയും മണമ്പൂരിലെയും ദാരവശില്പങ്ങള്‍, അടൂരിന് സമീപമുള്ള മായായക്ഷിക്കാവ് ശില്പം, കോമലത്തും എരുവയിലുമുള്ള ശില്പങ്ങള്‍ ഇവയും ഇവിടെ പ്രസ്താവ്യമാണ്. പൂവപ്പുഴയിലെ യക്ഷിശില്പം അത്യാകര്‍ഷകമായ ഒന്നാണെന്ന് അതില്‍ മനോഹരമായി ചിത്രീകരിച്ചിട്ടുള്ള കമുക്, പാക്കിന്‍കുല, വസ്ത്രാഭരണാദികള്‍, മാസ്മരശക്തിയുള്ള പുഞ്ചിരി, ആപാദമധുരമായ അംഗലാവണ്യം മുതലായവകളാല്‍ ബോദ്ധ്യപ്പെടുന്നതാണ്. പൂവപ്പുഴശില്പങ്ങളുടെ പ്രചരണത്തിനായി പ്രചരണോദ്യോഗസ്ഥന്മാരോ ഗവണ്‍മെന്റ് ധനസഹായമോ ഇല്ലാത്തതിനാല്‍ അവ വിസ്മൃതവസ്തുക്കളായി കഴിയുന്നു.

ഗോപികാവസ്ത്രാഹരണം
കേരളീയ കലാകാരന്മാരെ വളരെ ആകര്‍ഷിച്ചിട്ടുള്ള ഒരു പ്രതിപാദ്യവിഷയമാണ് ഗോപികാവസ്ത്രാഹരണം. പത്മനാഭപുരം കൊട്ടാരം, തിരുവട്ടാര്‍ ക്ഷേത്രം, ശുചീന്ദ്രം, കുമാരകോവില്‍, ആവണിപുരം ക്ഷേത്രം, മണമ്പൂര്‍ ക്ഷേത്രം,
ചാത്തന്‍കുളങ്ങര ക്ഷേത്രം, വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രം എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങളിലായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള ഈ സംഭവത്തെ പൂവപ്പുഴ ശില്പകാരനും സജീവമായി തീര്‍ത്തിട്ടുണ്ട്. ഒരു ഫലകത്തെ മൂന്നായി തിരിച്ച് ഏറ്റവും മുകളിലായി ഭഗവാന്‍ കൃഷ്ണന്‍ മരക്കൊമ്പിലിരിക്കുന്നതായും രണ്ടാമത്തേതില്‍ കൈകൊണ്ട് നഗ്നത മറച്ചിരിക്കുന്ന മൂന്ന് ഗോപസ്ത്രീകളെയും താഴത്തെ വിഭാഗത്തില്‍
ഉപരിഭാഗം മാത്രം കാണാവുന്ന മൂന്ന് ഗോപസ്ത്രീകള്‍ വെള്ളത്തില്‍ നിന്നുകൊണ്ട് വസ്ത്രങ്ങള്‍ക്കായി യാചിക്കുന്നതും അവതരിപ്പിച്ചിരിക്കുന്നു. അവര്‍ നില്‍ക്കുന്നത് ജലത്തിലാണെന്ന് സൂചിപ്പിക്കാന്‍ ഒരു വരിയായി താമര ഇലകളും മൊട്ടുകളും ചിത്രീകരിച്ചിരിക്കുന്നു.
                                                   
പാശുപതമൂര്‍ത്തി   
പൂവപ്പുഴ ശില്പങ്ങളില്‍ പലതുകൊണ്ടും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ശില്പപരമ്പരയാണ് ആറു ഫലകങ്ങളിലായി കൊത്തിയെടുത്തിട്ടുള്ള കിരാതാര്‍ജ്ജനീയം കഥ. ആറിഞ്ചു വീതിയും അതേ നീളവുമുള്ള ഒരു ഫലകത്തിനകത്ത് മനോഹരവദനനായ ശിവനെയും കോമളഗാത്രിയായ പാര്‍വ്വതിദേവീയേയും കാണിച്ചിരിക്കുന്നു. ചെറിയതോതില്‍ ഇത്രയും ആകര്‍ഷകമായി കൊത്തിയെടുക്കപ്പെട്ടിട്ടുള്ള ശിവരൂപം കേരളീയ ദാരവശില്പങ്ങളില്‍ വേറെ അധികം ഇല്ല. ഉച്ചയ്ക്ക് ശേഷം സൂര്യപ്രകാശം നേരിട്ട് ഈ ശില്പത്തില്‍ പതിച്ചു തുടങ്ങുമ്പോള്‍ ശിവന്റെ മുഖത്ത് പ്രത്യക്ഷമായി തുടങ്ങുന്ന ശാന്തഗംഭീരനായ മന്ദസ്മിതം, അന്യാദ്യശ്യവും ഭക്തിസംവര്‍ദ്ധകവുമായ ഒന്നാണ്.രണ്ടാമത്തെ ഫലകത്തില്‍ ശിവനും പാര്‍വ്വതിയും വേടനും വേടത്തിയുമായി വേഷം മാറിക്കഴിഞ്ഞിരിക്കുന്നു. മൂന്നാമത്തേതില്‍ വരാഹവേഷത്തില്‍ വന്ന മൂകാസുരന്റെ നേര്‍ക്ക് ശിവന്‍ ശരം
തൊടുത്തുവിടുന്നതായി കാണുന്നു. ഒറ്റക്കാലില്‍ നിന്നു കൊണ്ട് ഉഗ്രതപസ്സുചെയ്യുന്ന അര്‍ജ്ജുനനാണ് നാലാമത്തെ ശില്പത്തില്‍ ഉള്ളത്. അഞ്ചാമത്തേതില്‍ അര്‍ജ്ജുനന്റെ ശരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി പ്രകോപനപരമായ പുഞ്ചിരിയോടുകൂടിയും അക്ഷോഭ്യനായും ശരങ്ങള്‍ അയച്ചുകൊണ്ട് ശിവന്‍ നില്‍ക്കുന്നു. അഹങ്കാരം നശിച്ച്, തോല്‍വി സമ്മതിച്ച്, പ്രയാണം ചെയ്ത് പാശുപതാസ്ത്രം സ്വീകരിക്കുന്ന അര്‍ജ്ജുനനെയും അനുഗ്രഹാശിസുകള്‍ നല്‍കുന്ന പാശുപതമൂര്‍ത്തിയെയുംആറാമത്തേതില്‍ കാണാം. പത്മനാഭപുരം കൊട്ടാരം, തൃക്കൊടിത്താനം ക്ഷേത്രം മുതലായ സ്ഥലങ്ങളിലുള്ള ഭിത്തി ചിത്രങ്ങളില്‍ കാണുന്ന കിരാതമൂര്‍ത്തിയില്‍ നിന്ന് വ്യത്യസ്തമായ ഒരു ആവിഷ്ക്കരണ രീതിയാണ് പൂവപ്പുഴശില്പങ്ങളില്‍ ദ്യശ്യമാകുന്നത്.
സമരരംഗത്ത് വീറോടെ പൊരുതുന്ന ദശമുഖന്‍, കപിവരന്മാരാല്‍ ചുറ്റപ്പെട്ട ശ്രീരാമന്‍ മുതലായി ആകര്‍‍ഷകമായ ശില്പങ്ങള്‍ വേറെയുമുണ്ട്.
 
ദശാവതാരശില്പങ്ങള്‍
കവിയൂര്‍ ക്ഷേത്രത്തിലുള്ള ദശാവതാരശില്പങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് പൂവപ്പുഴ ശില്പങ്ങള്‍. കവിയൂരിലെ വാമനന്‍ കൗപീനധാരിയായി ഓലക്കുടയും പിടിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ പൂവപ്പുഴ വാമനന്‍ ഓലക്കുടയുമേന്തി പത്മാസ നത്തില്‍ ഇരിക്കുകയാണ്.    പൂവപ്പുഴയിലെ നരസിംഹമൂര്‍ത്തി സ്ഥൌണനരസിംഹമൂര്‍ത്തിയുടെയും കേവലനരസിംഹ മൂര്‍ത്തിയുടെയും ലക്ഷണങ്ങള്‍ കൂട്ടികലര്‍ത്തപ്പെട്ട ഒന്നാണ് . കവിയൂരിലേത് യോഗനരസിംഹമൂര്‍ത്തിയുടെ ശാസ്ത്രീയമായ ലക്ഷണ നിര്‍വചനങ്ങളെ ആസ്പദമാക്കി നിര്‍വചിക്കപ്പെട്ടതാണ് . പൂവപ്പുഴയിലെ മല്‍സ്യാവതാരത്തില്‍ മല്‍സ്യവും താമരയും താളബദ്ധമായ ഒരു സംവിധാന പദ്ധതിയില്‍ അധിഷ്ഠിതമാണെങ്കില്‍ കവിയൂരില്‍ ജീവനുണ്ടെന്ന് തോന്നിപോകുന്ന പൂര്‍ണ്ണ വിജ്യംഭിതമായ ഒരു താമരപൂവിന്റെ മുകളില്‍ വിഹരിക്കുന്നു. ഇതേമാതിരി തന്നെയാണ് കൂര്‍മവതാരവും . മനുഷ്യദേഹവും വരാഹത്തിന്റെ തലയുമുള്ള ഒരു രൂപമാണ് പൂവപ്പൂഴയിലെ വരാഹവതാരം. ദംഷ്ട്രങ്ങളോടുകൂടിയ ഒരു കൂറ്റന്‍ പന്നിയെയാണ് കവിയൂര്‍ ശില്പത്തില്‍ നാം കാണുന്നത്.



സമകാലീന ജീവിതരീതി
പൂവപ്പുഴശില്പങ്ങളുടെ ഒരു പ്രത്യേകത അവയില്‍ സമകാലീന ജീവിതരീതി അവിടവിടെയായി പ്രതിഫലിച്ചിട്ടുണ്ട് എന്നുള്ളതാണ് . "പാഞ്ചാലി സ്വയം വരം" ശില്പപരമ്പരയില്‍
പാഞ്ചാലിയുടെ തോഴിമാരില്‍ ഒരാള്‍ കുരവയിടുന്നതായിട്ടാണ് കാണിച്ചിരിക്കുന്നത്. അവരുടെ തലമുടിക്കെട്ട് അന്നത്തെ കേരളീയ സ്ത്രീകള്‍ സ്വീകരിച്ചു പോന്നിരുന്ന രീതികളില്‍ ഒന്നാണെന്ന് എടുത്തുപറയേണ്ട ആവശ്യമില്ല. സ്വയംവരവും, തോഴിമാരുടെ "കുരവ'' യും മറ്റും ഒന്നിച്ചു നില്‍ക്കുന്ന ചടങ്ങുകളാണെന്ന് ശില്പി സൂചിപ്പിക്കുന്നു. അന്നത്തെ ഓടുമേഞ്ഞിരുന്ന കെട്ടിടങ്ങളുടെ മാതൃകകളും ഈ ശില്പത്തില്‍ കാണാം. അന്ന് നിലവിലിരുന്ന ക്ഷേത്ര "വിമാന'' ങ്ങള്‍, ഇരട്ടകെട്ടിടങ്ങള്‍ മുതലായവയെപ്പറ്റി ശരിയായ പരിജ്ഞാനം നല്‍കുന്ന ഇവിടുത്തെ ശില്പങ്ങളും
കവിയൂരെ ''അശ്വത്ഥാമ'' ശില്പങ്ങളും ഭാവി ചരിത്രകാരന്മാര്‍ക്ക് വിജ്ഞാനപ്രദങ്ങളായ പലകാര്യങ്ങളും സംഭാവന ചെയ്യാതിരിക്കുകയില്ല.
(1952-ല്‍ മലയാളരാജ്യം വാരികയില്‍ പ്രസിദ്ധീകരിച്ച
ശ്രീ.ആര്‍.പി.നായര്‍,MA ,LT-യുടെ ലേഖനമാണ് ഈ വിവരണത്തിന് അടിസ്ഥാനം.അദ്ദേഹത്തെപ്പറ്റിയുള്ള വിവരങ്ങള്‍ എനിയ്ക്ക് ലഭ്യമല്ല.vgpkolattil@gmail.com











 

No comments:

Post a Comment